Wednesday 30 March 2011

അഭ്യര്‍ത്ഥന

വികസനകാര്യങ്ങളില്‍ കേരളത്തില്‍ ഏറ്റവും പിന്നോക്കം നിന്നിരുന്ന നിയോജക മണ്ഡലമായിരുന്നു ചേലക്കര. കഴിഞ്ഞ പതിനഞ്ച് വര്‍ഷക്കാലത്തിനിടെ ഇവിടെ നടപ്പിലാക്കിയ വികസന മുന്നേറ്റത്തിന് സാക്ഷികളാവാന്‍ കഴിഞ്ഞവരാണ് നമ്മള്‍. 1996 - 2001 കാലഘട്ടത്തിലാണ് ഈ മണ്ഡലത്തില്‍ പുതിയ ഒരു ജനകീയ വികസന മാതൃകയ്ക്ക് അടിത്തറ പാകിയത്. ഒന്നര പതിറ്റാണ്ട് കഴിഞ്ഞപ്പോഴേക്കും എല്ലാ രംഗങ്ങളിലും വികസന ഫലങ്ങളുടെ ഗുണഭോക്താക്കളാകാന്‍ നമുക്കോരോരുത്തര്‍ക്കും കഴിഞ്ഞിരിക്കുന്നു. സാമൂഹ്യ - വിദ്യാഭ്യാസ- ആരോഗ്യരംഗം തുടങ്ങിയ എല്ലാ മേഖലകളിലും പിന്നോക്കാവസ്ഥയില്‍ ആയിരുന്നു ഈ മണ്ഡലം. സഞ്ചാരയോഗ്യമായ റോഡുകളോ ആവശ്യമായ പാര്‍പ്പിടമോ വെള്ളമോ വൈദ്യുതിയോ മറ്റ് അടിസ്ഥാന സൌകര്യങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് ആവശ്യമായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നുമുണ്ടായിരുന്നില്ല. ചികിത്സാ രംഗത്താകട്ടെ പരിമിതമായ സൌകര്യങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. കാര്‍ഷിക-വാണിജ്യ-വ്യാവസായിക മേഖലകളില്‍ യാതൊരു വികസനവും കാണാന്‍ കഴിയാതിരുന്ന നാട്. 1996 മുതല്‍ 2011 വരെ ചേലക്കരയെ പ്രതിനിധീകരിച്ച് പട്ടികസമുദായ പിന്നാക്ക- യുവജനക്ഷേമ വകുപ്പുമന്ത്രി, പ്രതിപക്ഷ ചീഫ് വിപ്പ്, നിയമസഭാ സ്പീക്കര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച എനിക്ക് ചേലക്കര നിയോജകമണ്ഡലത്തിന്റെ ഇന്ന് കാണുന്ന വികസനങ്ങള്‍ക്ക് പരമാവധി നേതൃത്വം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏകദേശം ഒരു നൂറ്റാണ്ടോളം ജനങ്ങളുടെ സ്വപ്നപദ്ധതിയായിരുന്ന മായന്നൂര്‍ പാലം ഉള്‍പ്പെടെ ഉയര്‍ന്ന ഗുണനിലവാരത്തോടെയുള്ള റോഡുകളുടേയും പാലങ്ങളുടേയും ശൃംഖല, പ്ളസ്ടു മുതലുള്ള പുതിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെച്ചപ്പെട്ട നിലവാരമുള്ള ചികിത്സാസൌകര്യങ്ങള്‍, കുടിവെള്ള പദ്ധതികള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള വിവിധ ഭവനനിര്‍മ്മാണ പദ്ധതികള്‍, ക്ഷേമപദ്ധതികള്‍, തുടങ്ങി ഒട്ടനവധി വൈവിധ്യമാര്‍ന്ന വികസനങ്ങളാണ് ഈ കാലഘട്ടത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍,aറിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ, ദേശസാല്‍കൃത ബാങ്കുകള്‍, സഹകരണ സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ മാനേജ്മെന്റുകള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, വ്യാപാരികളും വ്യവസായികളും ഉള്‍പ്പെടെ സമൂഹത്തിന്റെ നന്മയാഗ്രഹിക്കുന്ന എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ട് കക്ഷിരാഷ്ട്രീയത്തിനതീതമായി നടന്ന വികസനയജ്ഞമാണ് ചേലക്കരയ്ക്ക് ഇന്ന് കാണുന്ന തിളക്കമാര്‍ന്ന മുഖഛായ നല്‍കിയതെന്ന് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണല്ലോ. 1996 - 2001ലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ചവ ഉള്‍പ്പെടെ പുതുതായി ഏറ്റെടുത്ത ഒട്ടേറെ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ അടുത്തകാലത്ത് ആരംഭിച്ച ധാരാളം വികസന പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടതായിട്ടുമുണ്ട്. ചേലക്കര മണ്ഡലത്തിന്റെ സമഗ്രവികസനവും എല്ലാ വിഭാഗം ജനങ്ങളുടെ ക്ഷേമവും ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനം ഇനിയും നമുക്ക് മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയേണ്ടതുണ്ട്. ആയതിലേക്ക് എല്ലാവരുടേയും പിന്തുണയും സഹായങ്ങളും ഉണ്ടാകണമെന്നഭ്യര്‍ത്ഥിക്കുന്നു.